ജിഎൻഎ കരാറിൽ മുഖ്യമന്ത്രിക്ക് വീണ്ടും ചോദ്യങ്ങളുമായി പിണറായി; രേഖകൾ പുറത്തുവിടാത്തതെന്തെന്ന് ചോദ്യം

ജിഎൻഎ വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനോട് വീണ്ടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരാറുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും ഒന്നും മറയ്ക്കാനില്ലെങ്കിൽ അവ പുറത്തുവിടുന്നതിന് എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു. കെഎസ്ഇബി സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങൽ നിർദേശം മറികടന്ന് ജിഎൻഎയുടെ ഓഫർ സ്വീകരിച്ചതിന്റെ അടിസ്ഥാനമെന്താണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പിണറായി ആരാഞ്ഞു.
ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശം കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധനകൾക്കുശേഷമാണ് സർക്കാരിന് സമർപ്പിച്ചത്. വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥതല ചർച്ചകൾക്കുശേഷം ഈ നിർദേശത്തെ അനുകൂലിച്ചിരുന്നുവെന്നാണ് പിണറായിയുടെ വാദം. എന്നിട്ടും ജിഎൻഎയുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
ജിഎൻഎയുടെ ഓഫർ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നോ, ചീഫ് എൻജിനീയറുടെ വിശദമായ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും പിണറായി ഉന്നയിച്ചു. കെഎസ്ഇബി എംഡിയായിരുന്ന രാജമാണിക്യം ഐഎഎസിന്റെ കുറിപ്പിലെ ചില ഭാഗങ്ങൾ മാത്രം ഉദ്ധരിച്ചതുകൊണ്ട് ബോർഡിന്റെ എതിർപ്പ് ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട ഫയലുകളും സർക്കാരിന് ലഭിച്ച കത്തുകളും പൂർണമായി പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
ജിഎൻഎ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ലെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയ പിണറായി, വൈദ്യുതി വിൽക്കാനുള്ള അതിന്റെ അധികാരത്തെക്കുറിച്ചും വിശദീകരണം തേടി. എൽഡിഎഫ് ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
യൂണിറ്റിന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലും പിണറായി സംശയമുന്നയിച്ചു. ഫയലിൽ ആദ്യം രേഖപ്പെടുത്തിയ 8.48 രൂപ എങ്ങനെയാണ് 8.63 രൂപയായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരാമർശിച്ച 8.90 രൂപയുടെ ഓഫർ എവിടെനിന്ന് വന്നതെന്നും അദ്ദേഹം ചോദിച്ചു. വിപണി നിരക്ക് യൂണിറ്റിന് അഞ്ച് രൂപയോളമായിരിക്കെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ച് ജിഎൻഎയ്ക്ക് വഴിവിട്ട് പരിഗണന നൽകിയെന്ന സംശയമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ശക്തിപ്പെടുത്തുന്നതെന്നും പിണറായി ആരോപിച്ചു. സർക്കാർ നടപടികൾ ശരിയാണെങ്കിൽ കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


