എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ശ്രീറാം സാംബശിവ റാവു

single-img
7 November 2026

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ മാസപ്പടി വാങ്ങിയതിനും അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനും തെളിവുകളുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇരുവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്തണമെന്നും കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്. കായംകുളത്തെ റോമ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.

മൂവാറ്റുപുഴയിലെ ഗംഗാ ബാർ ഉടമയുമായി എസ്. വിനോദ് ബന്ധം പുലർത്തിയിരുന്നുവെന്നും ലൈസൻസ് സംബന്ധമായ കാര്യങ്ങളിൽ ഇടനിലക്കാരനായി പ്രവർത്തിച്ച് 50,000 രൂപ കൈപ്പറ്റിയെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ പരിശോധനയ്ക്കെത്തുമ്പോൾ ഡെപ്യൂട്ടി കമ്മീഷണർ അജയ് ബാർ ഉടമയിൽനിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും എത്രയും വേഗം ഫീൽഡ് ചുമതലകളിൽനിന്ന് മാറ്റണമെന്നും സാംബശിവ റാവു ആവശ്യപ്പെട്ടിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടുകൾ, വരുമാനത്തിൽ കവിഞ്ഞുള്ള സ്വത്ത് സമ്പാദനം, ബിനാമി നിക്ഷേപങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് എക്സൈസ് വകുപ്പിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം നടന്നാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടികളിലേക്ക് വഴിതുറന്നേക്കും.