ബാബറി മസ്ജിദ് കേസ്: എൽകെ അദ്വാനി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി

single-img
9 November 2022

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽകെ അദ്വാനി, ഉമാഭാരതി, എംഎം ജോഷി, കല്യാണ് സിംഗ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അയോധ്യയിൽ നിന്നുള്ള ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി,നിലവിലെ രാം മന്ദിര് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ്, ഉമാഭാരതി, ബിജെപി നേതാവ് വിനയ് സിംഗ് എന്നിവരടക്കം 32 പേരാണ് ബാബരി തകർത്ത കേസിൽ പ്രതികളായത്. ഇവരെ കുറ്റവിമുക്തരാക്കി വെറുതെ വിട്ട പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു ഹൈക്കോടതിയിൽ ഹർജി.

1992 ഡിസംബർ ആറിന് മസ്ജിദ് തകർത്ത സംഭവം മുൻകൂട്ടി തീരുമാനിച്ചല്ലെന്നും , സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് പ്രത്യേക ജഡ്ജി എസ്കെ കേശവ് വിധി പറഞ്ഞത്.