സംസ്ഥാനത്തിന്റെ വികസനം തടയാൻ ശ്രമിച്ചവരെ ജനം ഒറ്റപ്പെടുത്തും; അത് പുതുപ്പള്ളിയിലും ഉണ്ടാകും: മുഖ്യമന്ത്രി

single-img
1 September 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളം മാറിയിരിക്കുന്നതായും ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകുമെന്നും പറഞ്ഞു. കേരളത്തിന്റെ വികസനം തടയാൻ ശ്രമിച്ചവരെ ജനം ഒറ്റപ്പെടുത്തും. നാടും ജനങ്ങളും നിഷേധ സമീപനക്കാരെ തള്ളും. ആ മാറ്റം പുതുപ്പള്ളിയിലും ഉണ്ടാകാനാണ് പോകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പ്രചാരണാർത്ഥം മറ്റക്കരയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ കേരളത്തിന്റെ പുരോഗതികൾ അടയാളപ്പെടുത്തിയതാണ് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്. വാഗ്ദാനങ്ങൾ നിറവേറ്റിയ എൽഡിഎഫ് സർക്കാരിനെ ജനങ്ങൾക്ക് കാണാനായിട്ടുണ്ട്. ഇതിനുള്ള അംഗീകാരമായിരുന്നു തുടർഭരണം.

ആ സമയം നിഷേധ സമീപനം സ്വീകരിച്ചവർ കൈവിട്ട് കളിക്കുകയാണ്. ബിജെപിയും യുഡിഎഫിനൊപ്പം ചേർന്ന് പരസ്യമായ നിലപാട് സ്വീകരിച്ചു. നാട് തകരട്ടെ, ജനങ്ങൾ വിഷമത്തിലാകട്ടെ എന്നതായിരുന്നു അവരുടെ നിലപാട്. മുതലെടുപ്പിലൂടെ നേട്ടം കൊയ്യാമെന്നതായിരുന്നു കണക്കുകൂട്ടൽ. ഇതിനെയെല്ലാം അതിജീവിച്ച് കേരളം ഉയർന്നു. ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് ഇതിന് വഴിയൊരുക്കിയത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

‘നാടിൻ്റെ വികസനത്തിന് സാമ്പത്തികം അനിവാര്യമാണ്. നിർഭാഗ്യവശാൽ വലിയ ശേഷി നമ്മുടെ ഖജനാവിനില്ല. പണത്തിൻ്റെ പുതിയ സ്രോതസ് കണ്ടെത്താനാണ് കിഫ്ബി. അതിനെതിരെയും പ്രചാരണം നടത്തി. എന്നാൽ അതിൻ്റെ പങ്ക് പറ്റാൻ ഇക്കൂട്ടർ മടി കാണിച്ചതുമില്ല. നാടിൻ്റെ വികസനം എല്ലാവരിലും എത്തണം. ഇതാണ് എൽഡിഎഫിന്റെ നിലപാട്. പൊതുവിദ്യാലയ ശാക്തീകരണം പുതുപ്പള്ളിയിലുമെത്തി. 53 വർഷം കൂടെ നിന്നില്ലെന്ന കാരണത്താൽ പുതുപ്പള്ളിയെ തടഞ്ഞില്ല,’ പിണറായി വിജയൻ വിശദീകരിച്ചു.

‘ കേരളത്തിനെ ഞെരുക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. പക്ഷെ എല്ലാവരോടും ഈ നിലപാട് കേന്ദ്രത്തിനില്ല. ഇതിനെതിരെ സംസാരിക്കാനും യുഡിഎഫ് തയ്യാറായില്ല. എംപിമാരുടെ യോഗം വിളിച്ച്, കേരളത്തോടുള്ള നീതി നിഷേധം കേന്ദ്രത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യോഗത്തിൽ യോജിച്ചവർ പക്ഷേ അതിന് തയ്യാറായില്ല. പക്ഷെ എൽഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയെ കണ്ട് പ്രശ്നങ്ങൾ ഉന്നയിച്ചു.

നമ്മുടെ നാടിൻ്റെ പ്രശ്നങ്ങൾ യുഡിഎഫ് കണക്കിലെടുക്കുന്നില്ല. രാഷ്ട്രീയ യോജിപ്പും ധാരണയും ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കുകയാണ്. കിടങ്ങൂരിൽ ഇതിന്റെ ഒരനുഭവമുണ്ട്. എൽഡിഎഫിനെ നേരിടാൻ ഇങ്ങനെ ഒരു യോജിപ്പാകാമെന്നാണ് യുഡിഎഫും ബിജെപിയും കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.