60 വയസ് കഴിഞ്ഞവർ അടിയന്തരമായി കോവിഡ് കരുതൽഡോസ് വാക്‌സിൻ എടുക്കണം: മുഖ്യമന്ത്രി

single-img
30 December 2022

സംസ്ഥാനത്തെ 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്‌സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് നിർദ്ദേശം .

7000 വരെ പരിശോധനയാണ് ഇപ്പോൾ കേരളത്തിൽ ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇപ്പോൾ ആകെ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്.ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

അതേപോലെ തന്നെ മരുന്നുകൾ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ സന്ദർഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.