പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേര്; 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ പോലീസിൽ പരാതി

single-img
19 July 2023

2024 ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേര് നൽകിയതിനെതിരെ പോലീസിൽ പരാതി. ഡൽഹി സ്വദേശിയായ ഡോ. അവിനീഷ് മിശ്ര എന്നയാളാണ് 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഡൽഹി ബരാഖംബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. ഇന്ന് ബംഗളൂരുവിൽ പ്രതിപക്ഷ യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പരാതി നൽകിയത്. അതേസമയം, പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നൽകിയതിനെതിരെ നേരത്തെ ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്റെ സോഷ്യൽ മീഡിയയിൽ ട്വിറ്റർ ബയോയിൽ നിന്ന് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കുകയും ചെയ്തിരുന്നു. തൃണമൂൽ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് വിശാലപ്രതിപക്ഷത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന് പൂര്‍ണ്ണരൂപം വരുന്ന INDIA എന്ന പേര് നിര്‍ദ്ദേശിച്ചത്.ഇത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പിന്തുണക്കുകയായിരുന്നു.