ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ച സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും

single-img
10 September 2022

ഓണാഘോഷത്തിനിടെ സദ്യ മാലിന്യക്കുഴിയിൽ തള്ളിയതിന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നഗരസഭ പിൻവലിക്കും. ഇത് സംബന്ധിച്ച് സിപിഎം മേയർക്ക് നിർദേശം നൽകിയതായാണ് വിവരം. നിലവിൽ കോഴിക്കോടുള്ള മേയർ തിരിച്ചെത്തുമ്പോൾ നടപടി പിൻവലിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഓണാഘോഷത്തിനിടെ സദ്യ മാലിന്യക്കുഴിയിൽ തള്ളിയതിന് 11 ശുചീകരണ തൊഴിലാളികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നാല് താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനും ഏഴ് ശുചീകരണ തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യാനുമാണ് അഡിഷണൽ സെക്രട്ടറി ഉത്തരവിട്ടത്.

ഇതിനെതിരെ സിപിഎം രംഗത്തുവന്നിരുന്നു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിൻവലിക്കണമെന്നും സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദനും, പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരസ്യമായി നിലപാട് സ്വീകരിച്ചു. കൂടാതെ ഇക്കാര്യത്തിൽ തുടർനീക്കങ്ങൾ തീരുമാനിക്കുന്നതിനായി സിഐടിയു ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.

സദ്യകളഞ്ഞ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമുണ്ടായിരുന്നു. ആഹാര സാധനങ്ങൾ മാലിന്യത്തിൽ വലിച്ചെറിഞ്ഞത് നിന്ദ്യവും ഗുരുതര അച്ചടക്ക ലംഘനവുമാണെന്നും നഗരസഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ തടസം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് 11 ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചത്.