നെയ്യാറിലെ കെഎസ് യു ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ എന്‍ എസ് യു ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടു

single-img
30 May 2024

കേരളത്തിന്റെ ചുമതല വഹിക്കുന്ന എന്‍ എസ് യു ദേശീയ സെക്രട്ടറി ആന്ധ്രയില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ കഴിഞ്ഞയാഴ്ച നടന്ന കെ എസ് യുവിൻറെ സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ രാജ് സമ്പത്ത് കുമാറാണ് കൊല്ലപ്പെട്ടത്.

കെഎസ് യുവിന്റെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ എത്താനിരുന്നതാണ് അദ്ദേഹം. ആന്ധ്രയിലെ ധര്‍മാപുരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാകെ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു.

അതേസമയം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ വ്യക്തി വൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത് . സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു .