ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം; അത്തരമൊരു ദിവസം ഒരിക്കലും വരില്ല: യോഗി ആദിത്യനാഥ്

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബരി മസ്ജിദ് സ്വപ്നം കാണുന്നവർ രാജ്യത്തെ നിയമം പാലിക്കണമെന്നും അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥിൻ്റെ പരാമർശം.
ഇന്ന് ബരാബങ്കിയിലെ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു യോഗിയുടെ ഈ പരാമർശം. ‘ബാബരി മസ്ജിദ് സ്വപ്നം കാണുന്നവരോട് ഒന്നേ പറയാനുള്ളു, അങ്ങനൊരു ദിവസം ഒരിക്കലും ഉണ്ടാകില്ല, അതൊരു നടക്കാത്ത കാര്യമാണ്. രാജ്യത്തിൻ്റെ നിയമം അനുസരിച്ച് ജീവിക്കാൻ പഠിക്കൂ. നിയമം ലംഘിക്കുന്നവരുടെ വഴി നരകമായിരിക്കും’ എന്നായിരുന്നു യോഗിയുടെ പ്രസ്താവന.
രാമഭക്തർക്ക് നേരെ വെടിയുതിർക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ലെന്നും അവർ രാമദ്രോഹികളാണെന്നും യോഗി പറഞ്ഞു. 1990 നവംബറിൽ ബാബറി മസ്ജിദ് പൊളിക്കാൻ അയോധ്യയിലേക്ക് പോയ ‘കർസേവകർക്ക്’ നേരെ ഉത്തർപ്രദേശ് പൊലീസ് വെടിയുതിർത്ത സംഭവത്തെക്കുറിച്ച് പരാമർശിച്ചായിരുന്നു യോഗിയുടെ പ്രസ്താവന.


