നോട്ടിസുകള്‍ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്; ഫെമ ചട്ടം ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കിഫ്‌ബി

single-img
2 December 2025

മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി നോട്ടിസയച്ച സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി സിഇഒ ഡോ. കെഎം അബ്രഹാം രംഗത്ത്. ഫെമ ചട്ടം ലംഘിക്കപ്പെട്ടിട്ടില്ലെന്ന് സിഇഒ വ്യക്തമാക്കി. ഇഡി നോട്ടിസിലെ വാദങ്ങള്‍ തെറ്റാണെന്നും മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ ആര്‍ബിഐയുടെ നിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഏത് തരം പരിശോധനയ്ക്കും വിധേയമാണെന്നും സിഇഒ പറഞ്ഞു.

ഇഡി ഇടപാടുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും കിഫ്ബി ആരോപിച്ചു. പലപ്പോഴും നോട്ടിസുകള്‍ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടിസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. എന്നാല്‍ നോട്ടിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് മനപൂര്‍വ്വമാണെന്നും കിഫ്‌ബി വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കിഫ്‌ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് എന്‍ഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് ശനിയാഴ്‌ച (നവംബര്‍ 29) നോട്ടിസ് അയച്ചു. നേരിട്ടോ അല്ലാതെയോ മറുപടി നൽകണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിക്കൊപ്പം മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടിസ് നൽകിയിട്ടുണ്ട്.