മദ്യം കഴിക്കുന്നവര്‍ മരിക്കും; ബിഹാർ വിഷമദ്യ ദുരന്തത്തിൽ വിവാദ പ്രസ്താവനയുമായി നിതീഷ് കുമാര്‍

single-img
15 December 2022

മുപ്പത് പേരുടെ ജീവനെടുത്ത ബിഹാറിലെ വിഷമദ്യ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം സർക്കാർ നല്‍കില്ലെന്ന സൂചനയാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

മദ്യം കഴിക്കുന്നവര്‍ എന്തായാലും മരിക്കുമെന്നും ഇപ്പോൾ ഉണ്ടായ സംഭവം ഒരു ഉദാഹരണമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടിയായി നൽകി.

സംഭവത്തില്‍ സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2016 മുതല്‍ ബിഹാറിൽ മദ്യനിരോധനം നടപ്പിലാക്കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മദ്യ നിരോധനമുള്ള സ്ഥലത്ത് ലഭിക്കുന്ന മദ്യത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ ശരണ്‍ ജില്ലയിലെ ഛപ്ര നഗരത്തിലായിരുന്നു മുപ്പതോളം പേര്‍ വിഷമദ്യം കുടിച്ച് മരിച്ചത്. സംഭവത്തിൽ നിയമ സഭക്ക് അകത്തും പുറത്തും രൂക്ഷ വിമര്‍ശനമാണ് നിതീഷ് കുമാറും സര്‍ക്കാരും നേരിടുന്നത്.