രണ്ടാം ലോക മഹായുദ്ധത്തിൽ നാസി കൂട്ടക്കൊലയെ അതിജീവിച്ച ഹന്ന ഗോസ്‌ലർ അന്തരിച്ചു

single-img
29 October 2022

രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം ബെർഗൻ – ബെൽസൻ നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്ന, ആൻ ഫ്രാങ്കിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഹന്ന ഗോസ്‌ലർ (93) അന്തരിച്ചു. ഇന്ന് ആൻ ഫ്രാങ്ക് ഫൌണ്ടേഷനാണ് ഇവരുടെ മരണവിവരം അറിയിച്ചത്.

തടവിലായിരുന്ന സമയം ബെർഗൻ-ബെൽസൻ ക്യാമ്പിൽ നിന്നെഴുതിയ ഡയറിക്കുറിപ്പിന്റെ പേരിൽ ഇന്നും അനശ്വരയാണ് ആൻ ഫ്രാങ്ക്. 1928-ലായിരുന്നു ഹന്ന ഗോസ്ലാർ ജനിച്ചത്. ഇവരുടെ കുടുംബം 1933-ൽ നാസി ജർമ്മനിയിൽ നിന്ന് പലായനം ചെയ്ത് ആംസ്റ്റർഡാമിൽ താമസമാക്കി.

സ്‌കൂൾ പഠന സമയമാണ് ഗോസ്‌ലർ, ആൻ ഫ്രാങ്കിനെ കണ്ടുമുട്ടുന്നത്. പിന്നീട് 1942 ൽ നാസികളിൽ നിന്ന് രക്ഷപ്പെടാൻ ഫ്രാങ്ക് കുടുംബം ഒളിവിൽ പോയപ്പോൾ ഇരുവർക്കും ബന്ധം നഷ്ടപ്പെട്ടു. 1943-ൽ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത ഗോസ്‌ലറും കുടുംബവും അടുത്ത വർഷം ബെർഗൻ-ബെൽസനിലേക്ക് നാടുകടത്തപ്പെട്ടു.
എന്നാൽ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് ആനിന്റെ മരണത്തിന് തൊട്ടുമുമ്പ് 1945 ഫെബ്രുവരിയിൽ ഗോസ്‌ലർ ആൻ ഫ്രാങ്കിനെ വീണ്ടും കണ്ടുമുട്ടി.

ഈ ക്യാമ്പിലെ പീഡനത്തിൽ നിന്ന് ഗോസ്‌ലറും അവളുടെ സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തിൽ അതിജീവിച്ചത്. പിന്നീട് ഗോസ്‌ലർ ജറുസലേമിലേക്ക് കുടിയേറി. അവിടെനിന്നും വാൾട്ടർ പിക്കിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് മൂന്ന് മക്കളും 11 പേരക്കുട്ടികളും 31 പ്രപൌത്രരും ഉണ്ടായിരുന്നു.

“ഇതാണ് ഹിറ്റ്‌ലറിനുള്ള എന്റെ മറുപടി” എന്ന് ഗോസ്ലർ ഇടക്കിടയ്ക്ക് പറയാറുണ്ടായിരുന്നുവെന്ന് ഫൌണ്ടേഷൻ വ്യക്തമാക്കുന്നു “ഹന്ന, അല്ലെങ്കിൽ ഹന്നലി എന്നാണ് ഗോസ്ലറെ ആൻ തന്റെ ഡയറിയിൽ വിശേഷിപ്പിച്ചിരുന്നത്. ആൻ ഫ്രാങ്കിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഗോസ്ലർ. കിന്റർഗാർട്ടൻ മുതൽ അവർക്ക് പരസ്പരം അറിയുമായിരുന്നു,” ആൻ ഫ്രാങ്ക് ഫൌണ്ടേഷൻ വെബ്‌സൈറ്റിൽ പറഞ്ഞു.