നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം; 2 വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക്

single-img
2 March 2023

നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗാലാൻഡില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് വനിതാസാരഥികള്‍ ആദ്യമായി നിയമസഭയിലെത്തി. എൻഡിപിപിക്ക് വേണ്ടി ദിമാപൂര്‍ -|||യില്‍ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്റ്റേൺ അംഗാമിയില്‍ നിന്ന് മത്സരിച്ച സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് വിജയം നേടിയിരിക്കുന്നത്.

14,395 വോട്ടാണ് ഹെകാനി ജഖാലു നേടിയത്. സല്‍ഹൗതുവോന്വോയുടേത് 41 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനുള്ള വിജയമാണ്. യുവാക്കൾക്കായി പ്രവര്‍ത്തിക്കുമെന്ന ദൃഢനിശ്ചയത്തോട് കൂടി രാഷ്ട്രീയരംഗത്ത് തുടരുന്നയാളാണ് ഹെകാനി ജഖാലു. ഒരു എൻജിഒ (സന്നദ്ധ സംഘട) രൂപപ്പെടുത്തി, അതില്‍ വര്‍ഷങ്ങളായി യുവാക്കള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു നാല്‍പത്തിയേഴുകാരിയായ ഇവര്‍.

ഇതോടൊപ്പം എൻഡിപിപി പ്രവര്‍ത്തനത്തിലും സജീവപങ്കാളിത്തമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ജഖാലുവിനെ തേടി 2018ല്‍ നാരി ശക്തി പുരസ്കാരവും തേടിയെത്തിയിരുന്നു. അതേസമയം, ഇരുപത്തിനാല് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവവുമായാണ് സല്‍ഹൗതുവോന്വോ നിയമസഭയിലെത്തുന്നത്. മരണപ്പെട്ട മുൻ എൻഡിപിപി നേതാവ് കെവിശേഖോ ക്രൂസിന്‍റെ പത്നി കൂടിയാണ് സല്‍ഹൗതുവോന്വോ. പ്രധാനമായും എൻജിഒകളില്‍ തന്നെയാണ് സല്‍ഹൗതുവോന്വോവും സജീവമായി പ്രവര്‍ത്തിക്കുന്നത്.