മുട്ടിൽ മരംമുറിക്കേസ്: ജുഡീഷ്യൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് അനിൽ അക്കര

മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു.
മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വെളിപ്പെടുത്തലുകളും നിയമനടപടികളും ഉണ്ടായ സാഹചര്യത്തിൽ കേസിന്റെ എല്ലാ വശങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് എടുത്ത മുഴുവൻ തീരുമാനങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ആരോപിക്കപ്പെടുന്ന ഗൂഢാലോചനകളും നിഷ്പക്ഷമായി അന്വേഷിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ സ്ഥാനമോ പദവിയോ പരിഗണിക്കാതെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.


