മോദിയുടെ അനധികൃത ബോർഡുകൾ: ബിജെപി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോർപറേഷന്റെ 20 ലക്ഷം പിഴ

single-img
24 January 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോർപറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. സ്വന്തം പാർട്ടി ഭരിക്കുന്ന നഗരസഭ തന്നെ നടപടി സ്വീകരിച്ചതോടെ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി.

സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ, കൊടികൾ, ബാനറുകൾ എന്നിവ സ്ഥാപിച്ചിരുന്നു. നടപ്പാതകൾക്കും റോഡ് ഡിവൈഡറുകൾക്കുമിടയിൽ വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചതിനെ തുടർന്ന് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നു.

ബോർഡുകൾ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ മുൻകൂർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടപ്പാതയിലെ ചില ബോർഡുകൾ മാത്രം നീക്കിയതൊഴിച്ചാൽ മറ്റ് നടപടികൾ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പ്രധാന പാതകളിൽ സ്ഥാപിച്ച ബോർഡുകളുടെ കണക്കെടുത്ത ശേഷമാണ് കോർപറേഷൻ സെക്രട്ടറി 20 ലക്ഷം രൂപയുടെ പിഴ നോട്ടീസ് നൽകിയത്. നിലവിൽ ബിജെപിയാണ് തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത് എന്നതിനാൽ നടപടിക്ക് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.

നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം ഹിയറിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്കും, ആവശ്യമെങ്കിൽ ജപ്തിയിലേക്കും നീങ്ങുമെന്ന് റവന്യൂ വിഭാഗം അറിയിച്ചു.