ആർഎസ്എസ് വിഷയത്തിൽ സുധാകരനെതിരെ മുസ്ലിം ലീഗ്

single-img
14 November 2022

ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ്. ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമും, എം കെ മുനീറൂമാണ് കെ സുധാകരനെതിരെ പരസ്യമായി രംഗത്ത് വന്നത്.

ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് കെ സുധാകരൻ. പ്രസ്‌താവന നടത്തിയതിന് ശേഷം തിരുത്തിയിട്ട് കാര്യമില്ല. എന്താണ് പറയുന്നതിനെ കുറിച്ച് ഉറച്ച ബോധ്യമുണ്ടാകണം. മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ വിഷയം ചർച്ച ചെയ്യും എന്ന് പി എം എ സലാം പറഞ്ഞപ്പോൾ, സുധാകരനെതിരെ നടപടി വേണമെന്ന് മുനീർ അഭിപ്രായപ്പെട്ടത്.

കെ സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. സുധാകരന്റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലിംലീഗിന് കഴിയില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. സുധാകരന്റെ പരാമർശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇത് – മുനീർ പറഞ്ഞു.

അതെ സമയം സുധാകർ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചത്. ആർ എസ് എസ് ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന, കെ പി സി സി പ്രസിഡൻറ് കെ സുധാകരന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യമില്ല എന്നാണു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഷാർജയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.