മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാം: ഹൈക്കോടതി

single-img
1 December 2022

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ നിയമനം പിഎസ്‌സി വഴി നടത്തണമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

കൂടാതെ പേഴ്സണൽ സ്റ്റാഫ് നിയമന രീതി മാറ്റി നിയമനത്തിന് പൊതു വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. പേഴ്സണൽ സ്റ്റാഫിനെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

നിശ്ചിത യോഗ്യതയുള്ളവർക്ക് തുല്യ അവസരം നൽകുകയോ നടപടിക്രമം പാലിക്കുകയോ ചെയ്യാതെ പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കരുതെന്നാവശ്യപ്പെട്ട് ഹരജിക്കാർ 2019 ജൂലൈ നാലിന് നൽകിയ നിവേദനം 2020 മാർച്ച് 11ന് സർക്കാർ തള്ളിയിരുന്നു. മൂന്നു വർഷം വരെ സർവീസുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് 1994 മുതൽ പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായ പരിധി പോലും നിശ്ചയിക്കാതെയാണ് ഇത്തരം നിയമനം നടത്തുന്നതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.