വിഷം തുപ്പിയിട്ട് സോറി പറയുന്നത് പരിഹാരമല്ല: മന്ത്രി മുഹമ്മദ് റിയാസ്

single-img
1 December 2022

ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്റെ ‘തീവ്രവാദി’ പരാമർശത്തിൽ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബോധപൂർവം പറഞ്ഞ പരാമർശമാണിത്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് മന്ത്രി ചോദിച്ചു

അബ്‌‌ദു‌റഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ് മുതൽ നിരവധി പേർ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്‌ദുറഹ്മാൻമാർ ഉൾപ്പെടെ ജീവൻ കൊടുത്തിട്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അത് എന്തുകൊണ്ടെന്ന് സമൂഹം തന്നെ ചർച്ച ചെയ്യണമെന്നും മന്ത്രി കൂട്ടിചേർത്തു

നേരത്തെ ഫാ.തിയോഡോഷ്യസിന്റെ മാപ്പ് അംഗീകരിക്കുന്നില്ല എന്നും അത് മടക്കി പോക്കറ്റിൽ ഇട്ടാൽ മതിയെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. നാവിനു എല്ലില്ല എന്ന് കരുതി എന്തും വിളിച്ചു പറഞ്ഞ ശേഷം മാപ്പ് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദി എന്ന് വിളിച്ച വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്‌നം തീരില്ലെന്ന് നേരത്തെ മന്ത്രി ശിവൻ കുട്ടിയും വ്യക്തമാക്കിയിരുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ആണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തീവ്രവാദി എന്ന് വിളിച്ചത്.ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ ചരിത്രം ഏറ്റവും നന്നായി അറിയുന്ന വ്യക്തിമുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെയാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് അസഭ്യവര്‍ഷം ചൊരിയുന്നത് എന്നും ശിവൻ കുട്ടി കൂട്ടി ചേർത്തു.