മെസിയുടെ ക്ലബ്ബ് മാറ്റവാർത്തകൾ കാര്യമാക്കുന്നില്ല: പരിശീലകൻ ലിയോണൽ സ്കലോണി

single-img
11 May 2023

ലിയോണൽ മെസിയുടെതായി വരുന്ന ക്ലബ്ബ് മാറ്റവാർത്തകൾ കാര്യമാക്കുന്നില്ലെന്ന് അർജന്റൈൻ പരിശീലകൻ ലിയോണൽ സ്കലോണി. എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്ന് സ്കലോണി പറഞ്ഞു.

അതേസമയം, ലിയോണൽ മെസി അടുത്ത സീസണിൽ പിഎസിജി വിടുമെന്നുറപ്പായതോടെയാണ് അമേരിക്കൻ ക്ലബ്ബ് ഇന്റർമയാമിയും സൗദി ക്ലബ്ബ് അൽഹിലാലും ഈ സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ-നസ്ർ നൽകുന്ന വേതനത്തിന്റെ ഇരട്ടിയിലധികം തുകയാണ് അൽഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അടുത്തിടെ നടന്ന മെസിയുടെ സൗദി സന്ദർശനത്തിനിടെ കരാറിൽ ധാരണയായെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് കഴിഞ്ഞ ദിവസം മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ഒരു ക്ലബ്ബുമായും ധാരണയിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.

സീസണിന് ശേഷമേ തീരുമാനമുണ്ടാകൂവെന്നും ഹോർഗെ മെസി അറിയിച്ചു. അടുത്തമാസം 30 വരെയാണ് പി എസ് ജിയുമായുള്ള മെസിയുടെ കരാർ. മെസി അടുത്ത സീസണിൽ ഏത് ലീഗിൽ പോകുമെന്ന ആകാംക്ഷ നിലനിൽക്കുമ്പോഴാണ് അത് കാര്യമാക്കുന്നില്ലെന്നാണ് ലിയോണൽ സ്കലോണി പറയുന്നത്. മെസി സന്തോഷമായിരിക്കുകയെന്നതാണ് പ്രധാനം. ദേശീയ ടീമിലെ അവസരത്തിന് ഏത് ക്ലബ്ബിൽ കളിക്കുന്നുവെന്നത് പരിഗണിക്കുന്നില്ലെന്നും സ്കലോണി അറിയിച്ചു.