സ്വപ്നയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച; മാത്യു കുഴല്‍നാടന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു

single-img
3 March 2023

കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഇത് കോടതി അലക്ഷ്യമാകും എന്നതിനാലാണ് പരാമര്‍ശം സ്പീക്കര്‍ നീക്കിയത്. പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും നിയമമന്ത്രിയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ലൈഫ് മിഷനില്‍ അഴിമതി ആരോപണം ഉന്നയിച്ച് അടിയന്തിര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരാമര്‍ശം നടത്തിയത്.

സ്വപ്നസുരേഷും മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം മാത്യു കുഴല്‍നാടന്‍ സഭയിൽ ഉന്നയിച്ചിരുന്നു. പക്ഷെ ഈ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല, മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളാണ് മാത്യു കുഴല്‍നാടന്‍ സഭയില്‍ ഉന്നയിച്ചത്. തികച്ചും വസ്തുതാപരമല്ലാത്ത ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. അപകീര്‍ത്തി പ്രസ്താവനകളാണ് ഉന്നയിക്കുന്നത്, സഭയുടെ ചട്ടം അത് വിലക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി സ്പീക്കര്‍ അത് കേള്‍ക്കുന്നുണ്ടോയെന്നും ചോദിച്ചിരുന്നു.