യുവതികള്‍ സ്വയം വരണമാല്യം ചാര്‍ത്തി; യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയിൽ വൻ തട്ടിപ്പ്

single-img
4 February 2024

യുപി സർക്കാരിന്റെ സമൂഹ വിവാഹ പദ്ധതിയിൽ വൻ തട്ടിപ്പ്. സമൂഹ വിവാഹ ചടങ്ങിൽ വിവാഹ വേഷത്തിലുള്ള യുവതികള്‍ സ്വയം വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. തുടർന്ന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ മാസം 25ന് സംസ്ഥാനത്തെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർധന കുടുംബാംഗങ്ങളുടെ വിവാഹത്തിനുള്ള പദ്ധതിയായിരുന്നു സമൂഹ വിവാഹം. ബിജെപി എംഎൽഎ കേത്കി സിംഗ് സമൂഹ വിവാഹത്തിൽ മുഖ്യാതിഥിയായിരുന്നു.

പ്രസ്തുത ചടങ്ങിൽ ഏകദേശം 568 ദമ്പതികൾ വിവാഹിതരായി. എന്നാൽ വധൂവരന്മാരായി വേഷമിട്ട പലരും പണം വാങ്ങി എത്തിയതായിരുന്നു. യുവതികള്‍ സ്വയം വരണമാല്യം ചാര്‍ത്തുന്നതും വരൻ്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം. അതേസമയം വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പിന്നീട് കണ്ടെത്തി.