മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും; എത്തുന്ന ഇടങ്ങൾ കർണാടക പൊലീസിന്റെ സംഘം സന്ദർശിക്കുമെന്ന് റിപ്പോർട്ട്

single-img
18 April 2023

ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയതിനെ തുടർന്ന് തീരുമാനയിച്ചിരുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും. മദനി കേരളത്തിൽ എത്തുമ്പോൾ സന്ദർശിക്കുന്ന ഇടങ്ങൾ കർണാടക പൊലീസിന്റെ സംഘം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും.

അതിനുവേണ്ടി മദനി സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിവരം പൊലീസിന് കൈമാറിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണം വിലയിരുത്തിയ ശേഷമേ നാട്ടിൽ പോകാൻ മദനിക്ക് അനുമതി കിട്ടൂ. സുപ്രീം കോടതിയാണ് ജൂലൈ പത്ത് വരെ കേരളത്തിൽ തുടരാൻ അനുമതി നൽകിയത്. കർണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തിൽ എത്തുക.

ആയുർവേദ ചികിത്സ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. തന്നെ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം.