പൂവാറിൽ വിവാഹിതയാകാൻ ഒരുങ്ങി കുംഭമേള വൈറൽ താരം മൊണാലിസ ; ചടങ്ങിൽ എം വി ഗോവിന്ദനും മന്ത്രി വി ശിവന്‍കുട്ടിയും

single-img
11 March 2026

കുംഭമേളക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ ഭോസ്‌ലെ ഉടൻ വിവാഹിതയാകുമെന്ന് റിപ്പോർട്ട്. പ്രണയബന്ധത്തെ തുടർന്ന് കുടുംബവിരോധം നേരിട്ട ശേഷം പൊലീസിന്റെ സഹായം തേടിയ മൊണാലിസ, ഇപ്പോൾ തന്റെ കാമുകനായ മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനുമായി വിവാഹിതയാകുകയാണ്.

പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹച്ചടങ്ങ് നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എംപി, ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നതാണ് ലഭിക്കുന്ന വിവരം.സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സമയത്താണ് മൊണാലിസയും ഫർമാനും അടുത്തറിയുന്നത്.

പിന്നീട് ഇത് പ്രണയത്തിലേക്ക് വളർന്നു. എന്നാൽ ഈ ബന്ധത്തെ കുടുംബം എതിർത്തതോടെ ഇരുവരും തിരുവനന്തപുരത്തെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. മൊണാലിസയെ ബന്ധുവായ മറ്റൊരാളുമായി വിവാഹം കഴിപ്പിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.

എന്നാൽ യുവതിക്ക് 18 വയസ് കഴിഞ്ഞതിനാൽ തന്റെ ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് പൊലീസ് ബന്ധുക്കളെ ബോധ്യപ്പെടുത്തി. തുടർന്ന് വിഷയത്തിൽ ധാരണയുണ്ടാകുകയായിരുന്നു.