തട്ടിക്കൊണ്ടുപോയ മകനെ തിരിച്ചു കിട്ടിയത് 30 വര്‍ഷത്തിന് ശേഷം
യുപി ഗാസിയാബാദ് ഖോഡ പോലീസ് സ്റ്റേഷനില്‍ നിന്നും വിളി വന്നപ്പോള്‍ ലീലാവതിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. മകനെ തേടിയുള്ള അന്വേഷണത്തില്‍ അസംഖ്യം കോളുകള്‍ അവരെ തേടിവന്നിരുന്നു. മകൻ ഭീം സിങ്ങിന് ഒമ്പത് വയസുള്ളപ്പോഴാണ് കുട്ടിയെ ലീലാവതിക്ക് നഷ്ടമായത്.
പോലീസുകാര്‍ തിരിച്ചറിയാന്‍ വിളിക്കുമ്പോള്‍ കുട്ടിയുടെ ദേഹത്തെ പാടുകള്‍ ആണ് അവര്‍ എപ്പോഴും തിരഞ്ഞിരുന്നത്. പക്ഷെ നിരാശയായിരുന്നു ഫലം. അപ്പോഴും ഒരു പ്രതീക്ഷ അവരുടെ മനസില്‍ അവശേഷിച്ചിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയെക്കുറിച്ചുള്ള കോളുകള്‍ ലഭിക്കുമ്പോള്‍ അവര്‍ സ്റ്റേഷനില്‍ എത്തുമായിരുന്നു,
ഗോഡ സ്റ്റേഷനില്‍ എത്തിയപ്പോഴും ലീലാവതി സാരികൊണ്ട് മുഖം മറച്ചിരുന്നു. എന്നാല്‍ അവന്‍ ലീലാവതിയെ കണ്ടപ്പോള്‍ അലറി. ‘ഇതാണ് എന്റെ അമ്മ എന്ന്’. പക്ഷെ അവര്‍ അത് വിശ്വസിച്ചില്ല. വര്‍ഷം പലത് കഴിഞ്ഞു എന്നതായിരുന്നു കാരണം. മകന്‍റെ ശരീരത്തിലെ പാടുകളുടെ വിശദാംശങ്ങൾ ലീലാവതി പോലീസുകാർക്ക് നൽകി. എല്ലാ അടയാളങ്ങളും ഒത്തുവന്നിരുന്നു. അത് ലീലാവതിയുടെ മകനായിരുന്നു. അവര്‍ അത്യാഹ്ലാദത്തിലായി. അന്ന് ഒന്‍പത് വയസുണ്ടായിര്‍ന്ന ഭീമിന് ഇപ്പോള്‍ നാല്പത് വയസ്.
ഭീം തന്റെ സഹോദരങ്ങളായ രാജോ, സന്തോഷ് എന്നിവരോടൊപ്പം ഡിബിഎസ് പബ്ലിക് സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്നു. കുട വാങ്ങുന്നതുമായ പ്രശ്നത്തില്‍ റോഡില്‍ നിന്നും അവര്‍ വഴക്കിട്ടു. പെട്ടെന്ന് ഒരു സംഘം ആളുകള്‍ ഓട്ടോയില്‍ എത്തി ഭീമിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അവര്‍ വീട്ടിലേക്ക് ഓടിപ്പോയി അമ്മയെ വിവരം അറിയിച്ചു. എന്നാല്‍ നിരന്തരം തിരഞ്ഞിട്ടും പോലീസില്‍ പരാതി നല്‍കിയിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയെ മോചിപ്പിക്കാൻ 8 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു കത്ത് വന്നിരുന്നു എന്നാണ് കുടുംബം പറയുന്നത്.
അന്നത്തെ കാണാതാകലിന് ശേഷം 31 വർഷവും രണ്ട് മാസവും 19 ദിവസവും പിന്നിട്ടപ്പോള്‍ ആ കുടുംബം വീണ്ടും ഒന്നിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമീറിലേക്ക് ആണ് തന്നെ തട്ടിക്കൊണ്ടുപോയത് എന്നാണ് ഭീം പറഞ്ഞത്. ഒരു ട്രക്ക് ഡ്രൈവര്‍ ആണ് കഥ കേട്ടപ്പോള്‍ രക്ഷിച്ച് ഡല്‍ഹിയില്‍ എത്തിച്ചത്. അതിനുശേഷം പോലീസിന്റെ സഹായം തേടാനും ഒപ്പം നിന്നു.
ഭീമിന്റെ അനുജത്തി ഹേമയാണ് ഒരു പ്രാദേശിക ദിനപത്രത്തിൽ തന്റെ സഹോദരനെപ്പോലെയുള്ള ഒരു ചിത്രം കണ്ടത്. കാണാതായ ഒരാളെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത്. പോലീസ് അവന്റെ കുടുംബത്തെ തിരയുകയായിരുന്നു. ഇതോടെയാണ് ഇവര്‍ ഖോഡ പോലീസ് സ്റ്റേഷനില്‍ എത്തിയത്. സംശയങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ലെങ്കിലും ഡിസംബർ ആറിന് ശേഷം ഡിഎൻഎ ടെസ്റ്റ് കൂടി നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.