തുർക്കിക്ക് കേരളത്തിന്റെ സഹായം; തുർക്കിയിലെ ജനങ്ങൾക്കായി പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാല​ഗോപാൽ

single-img
18 March 2023

തുടർച്ചയായ ഭൂകമ്പം നാശം വിതച്ച തുർക്കിക്ക് സഹായവുമായി കേരളം. തുർക്കിയിലെ ദുരിതം ബാധിച്ച ജനങ്ങൾക്കായി പത്ത് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു. ഭൂകമ്പ ബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക.

പ്രസ്തുത തുക തുർക്കിക്ക് കൈമാറുന്നതിനുളള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയതായും കെ എൻ ബാല​ഗോപാൽ അറിയിച്ചു. ആഗോള മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുളളവർ മുന്നോട്ട് വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്നും കെ എൻ ബാലഗോപാല്‍ പറഞ്ഞു.

എന്നാൽ തുർക്കിക്ക് സഹായമെത്തിക്കാനുളള സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ പരിഹസിച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്തെത്തിയിരുന്നു. തുർക്കിയുടെ കാര്യം മോദി സർക്കാർ നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സർക്കാർ അത് നോക്കേണ്ട എന്നും അദ്ദേഹം പറഞ്ഞിരുന്നു.