പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ കേരളം; എണ്ണക്കമ്പനികളുടെ നിസ്സഹകരണത്തിൽ നിയമോപദേശം തേടാൻ സർക്കാർ

സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുമായി മുന്നോട്ടുപോകാൻ നിയമോപദേശം തേടാനൊരുങ്ങി സംസ്ഥാന സർക്കാർ. താരതമ്യ പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യപ്പെട്ട് നൽകിയ കത്തിനും റിമൈൻഡർ നോട്ടിനും എണ്ണക്കമ്പനികൾ മറുപടി നൽകാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.
ഐഒസി, ബിപിസിഎൽ ഉൾപ്പെടെയുള്ള എണ്ണക്കമ്പനികൾ തുടക്കത്തിൽ സാമ്പിൾ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ നിയമോപദേശം തേടിയശേഷം മറ്റ് മാർഗങ്ങളിലൂടെ പരിശോധന നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.
നേരത്തെ കർണാടക സർക്കാർ നടത്തിയ സമാന പരിശോധനയുടെ ഫലം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് പരിശോധനയ്ക്ക് മുൻപ് നിയമപരമായ വശങ്ങൾ വിശദമായി പരിശോധിക്കുന്നത്. എണ്ണക്കമ്പനികളുടെ നിസ്സഹകരണവും സാമ്പിൾ നൽകുന്നതിൽ നിന്ന് പിന്മാറിയതുമടക്കമുള്ള കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ അവസാനം കർണാടകയിലെ ഏഴ് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കലർത്തിയതായി കണ്ടെത്തിയത് രാജ്യവ്യാപകമായി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സമാനമായ പരിശോധന നടത്താൻ തീരുമാനിച്ചത്.
തുടർന്ന് ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാത്തതോടെ നിയമപരമായ നടപടികളിലൂടെ പരിശോധന പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.


