പാക് പരമ്പര ഇന്ത്യയിൽ റിലീസ് ചെയ്യരുത്; നെറ്റ്ഫ്ലിക്സിന് കേന്ദ്രസർക്കാരിന്റെ നിർദേശം

single-img
26 November 2026

പാകിസ്ഥാനിൽ നിർമിച്ച ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ലിക്സിന് നിർദേശം നൽകി കേന്ദ്രസർക്കാർ. പാക് പരമ്പരയായ ‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ (Jo Bachay Hain Sang Samait Lo) ഇന്ത്യയിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടൽ.

2025 മേയ് എട്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശം പാലിക്കണമെന്നും പാകിസ്ഥാനിൽ നിർമിച്ച സിനിമകളും വെബ് സീരീസുകളും ഇന്ത്യൻ പ്രേക്ഷകർക്കായി ലഭ്യമാക്കരുതെന്നും മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. പാക് നിർമിത സിനിമകളോ പരമ്പരകളോ ഇന്ത്യൻ വരിക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് ജൂണിൽ നെറ്റ്ഫ്ലിക്സ് നൽകിയ ഉറപ്പും മന്ത്രാലയം ഓർമിപ്പിച്ചു. ഈ നിലപാട് തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.

‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ എന്ന പരമ്പരയുടെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറങ്ങിയതോടെയാണ് വിവാദം ശക്തമായത്. ഡിസംബർ നാലിനാണ് പരമ്പരയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലും പരമ്പര ലഭ്യമാകുമോ അതോ പാകിസ്ഥാനിലും മറ്റ് വിദേശ വിപണികളിലും മാത്രമായിരിക്കുമോ റിലീസ് ചെയ്യുകയെന്ന കാര്യത്തിൽ നെറ്റ്ഫ്ലിക്സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

പരമ്പരയുടെ ഇന്ത്യൻ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനിമ വർക്കേഴ്സ് അസോസിയേഷൻ (AICWA), ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) എന്നീ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

പാക് പരമ്പര ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെ അന്തഃസത്തയ്ക്കും രാജ്യത്തിന്റെ വികാരങ്ങൾക്കും വിരുദ്ധമാണെന്ന് AICWA കത്തിൽ ചൂണ്ടിക്കാട്ടി. പാകിസ്ഥാനെ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യമെന്ന് വിശേഷിപ്പിച്ച സംഘടന, പാക് കലാകാരന്മാർക്ക് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പരാമർശിച്ചു. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ കലാകാരന്മാർക്കും അവരുടെ സൃഷ്ടികൾക്കും ഏർപ്പെടുത്തിയ വിലക്കുകളും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2021ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങളിലെ വ്യവസ്ഥകൾ കൂടി അടിസ്ഥാനമാക്കിയാണ് കേന്ദ്രത്തിന്റെ നടപടി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ദേശീയ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾ ജാഗ്രത പാലിക്കണമെന്നാണ് ചട്ടങ്ങൾ വ്യക്തമാക്കുന്നത്.