പെരമ്പൂർ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി; വിജയ്യുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ വിചാരണ തുടരാൻ ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വരുമാനം, ഭൂമി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണം വിചാരണയിലൂടെ പരിശോധിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നാണ് ഹർജിയിലെ ആരോപണം.
എന്നാൽ, സത്യവാങ്മൂലത്തിലെ പിഴവുകൾ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിച്ചുവെന്ന് ഹർജിക്കാരന് വ്യക്തമാക്കാനായിട്ടില്ലെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു വിജയ്യുടെ വാദം. ഹർജിക്കാരൻ മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും വിജയ് കോടതിയിൽ ചൂണ്ടിക്കാട്ടി.
വാദത്തിനിടെ, 30 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കാനാകുമോ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ, സ്വത്തുവിവരങ്ങൾ മറച്ചുവെക്കുന്നത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് നിയമപ്രകാരം കുറ്റകരമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചതാണോ എന്നത് വിചാരണയിലൂടെ മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പുറമ്പോക്ക് ഭൂമി സ്വന്തം ആസ്തിയായി വിജയ് രേഖപ്പെടുത്തിയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഭൂമിയുടെ ആധാരം ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, അതിന്റെ ആധികാരികത വിചാരണയിലൂടെ പരിശോധിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി.
അതേസമയം, വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ്, വിരാലിമലൈ, കരൂർ മണ്ഡലങ്ങളിൽ നിലവിലുള്ള തെരഞ്ഞെടുപ്പ് ഹർജികളിൽ തീരുമാനമാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അംബാസമുദ്രം, പെരുന്തുറൈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ കോടതി അനുമതി നൽകി.


