യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ; അവകാശവാദവുമായി നാവികസേനാ മേധാവി

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാൻ. നേരത്തെ പരീക്ഷിച്ചിട്ടില്ലാത്ത മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അത് കപ്പലിൽ പതിച്ചെന്നുമാണ് ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി വെളിപ്പെടുത്തിയത്. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റവരെ ഒഴിപ്പിക്കാനും കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്താനും അമേരിക്ക അയൽരാജ്യങ്ങളിലെ തുറമുഖങ്ങളുടെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇറാന്റെ ഈ അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണമില്ല.
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കയ്ക്ക് സൈനിക സംവിധാനങ്ങൾ കടത്തിവിടാൻ കഴിഞ്ഞിട്ടില്ലെന്നും കടലിടുക്ക് അടച്ചിടാനുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഇറാനി അവകാശപ്പെട്ടു. കൂടാതെ, ശത്രുസേന പിടിച്ചെടുത്ത രണ്ട് എണ്ണക്കപ്പലുകൾ ഇറാനിയൻ കമാൻഡോകൾ തിരിച്ചുപിടിച്ചതായും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയ്ക്കടുത്ത് ഇറാന്റെ ദേന യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നും നാവികസേനാ മേധാവി മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ പതിച്ചെന്ന അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടയിൽ ഇത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


