ഇന്ത്യയിൽ ആദ്യം; മുതിർന്ന പൗരന്മാർക്കായി പ്രത്യേക സംസ്ഥാനതല ക്ഷേമവകുപ്പ് രൂപീകരിക്കാൻ ഒരുങ്ങി കേരളം

ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക സംസ്ഥാനതല ക്ഷേമവകുപ്പ് രൂപീകരിക്കാൻ ഒരുങ്ങി കേരളം. യു.ഡി.എഫ് ഭരണരേഖയിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്രനിർണയം സംസ്ഥാനമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ജപ്പാന്റെ ലോകപ്രശസ്തമായ ‘ഇകിഗായി’ (ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകുന്ന ആശയം) മാതൃകയിൽ കേരളത്തിനും മുതിർന്ന പൗരന്മാർക്കായുള്ള പരിപാലനരീതിയെ നവീകരിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.’ഇത് വെറും ഭരണപരമായ പുനഃസംഘടനയല്ല; മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും സംസ്ഥാനത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമാക്കി മാറ്റുന്ന വലിയ ദർശനപരമായ മാറ്റമാണ്.’ എന്നാണ് മുഖ്യമന്ത്രി വി. ഡി.സതീശൻ വ്യക്തമാക്കിയത്.
പുതുതായി രൂപീകരിച്ച സീനിയർ സിറ്റിസൺസ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് സാമൂഹ്യനീതി മന്ത്രി വി.ഇ.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക. അധികാരമേറ്റ് ഉടൻ തന്നെ മുഖ്യമന്ത്രി ഈ വകുപ്പ് രൂപീകരിച്ചതിലൂടെ ക്ഷേമപദ്ധതികളുടെ ഏകോപനവും മുതിർന്നവർക്കുള്ള സേവനങ്ങളും കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യം.


