സർക്കാരിനോട് പരിഭവം പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം: ഉമ്മൻ ചാണ്ടി

single-img
1 January 2023

സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരിക്കലും ഉത്കണ്ഠ ഉണ്ടായിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നതായും ഒരു കാര്യത്തിൽ മാത്രമാണ് സർക്കാരിനോട് പരിഭവമെന്നും അദ്ദേഹം പറഞ്ഞു. അത് പരാതിക്കാരിയുടെ വാക്കുകേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതിൽ മാത്രമായിരുന്നു.

നിലവിലെ ജർമനിയിലേയും ബംഗളുരുവിലേയും ചികിത്സയ്ക്ക് ശേഷം ആരോഗ്യനില ഭേദപ്പെട്ടതിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ രണ്ട് അന്വേഷണം കഴിഞ്ഞ് പിന്നെ സി.ബി.ഐയ്ക്ക് വിട്ടപ്പോൾ ഏറ്റവും കുറഞ്ഞത് നേരത്തെ അന്വേഷണം നടത്തിയവരുടെ ശിപാർശയോടെ ആ നടപടി ചെയ്യുന്നതായിരുന്നു നല്ലത്. അതിന് പകരം പരാതിക്കാരിയോട് എഴുതിവാങ്ങിയ ശേഷമാണ് സിബിഐ അന്വേഷണത്തിന് പോയത്. തെളിവില്ലാതെ അന്വേഷണം നടത്തിയാൽ നീതി ബോധമുള്ള ജനങ്ങൾ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.