പോരാട്ടച്ചൂട് ആറും മുമ്ബെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു

single-img
8 March 2023

ഐഎസ്‌എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്ബെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുന്നു.

ഐഎസ്‌എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പില്‍ മത്സരിക്കുക. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക.
ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇ എംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.

ഐഎസ്‌എല്‍ പ്ലേ ഓഫ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളില്‍ ജയിച്ചാണ് ബെംഗളൂരു സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബോക്സിന് പുറത്ത് ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കുന്നതിനിടെ ഛേത്രി അതിവേഗം കിക്കെടുത്ത് ഗോള്‍ നേടുകയായിരുന്നു. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച്‌ കളിക്കാരെ തിരിച്ചുവിളിച്ച്‌ മത്സരം ബഹിഷ്കരിച്ചു. റഫറിയുടെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തള്ളുകയും ചെയ്തു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല.

സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ്, ഒഡിഷ, ഈസ്റ്റ് ബംഗാള്‍, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ജംഷെഡ്പൂര്‍ എഫ് സി യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരുമാണുള്ളത്.