കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പട്ടികയിൽ ഇടംനേടി കനയ്യ കുമാർ
കോൺഗ്രസ് പാർട്ടിയുടെ ദേശീയ നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ നേതാക്കളായ യാത്രികരുടെ താല്‍ക്കാലിക പട്ടികയില്‍ ഇടം പിടിച്ച് കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല തുടങ്ങിയ നേതാക്കള്‍.
രാജ്യത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന 3500 കിലോമീറ്റര്‍ യാത്രയില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടികയിലാണ് ഇവര്‍ ഇടം നേടിയിരിക്കുന്നത്. അടുത്തമാസം 7-നാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ’ യാത്ര ആരംഭിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഭാരത് യാത്രികരുടെ ആശയം വ്യക്തമാക്കിയ യാത്രാ സംഘാടക സമിതി ചെയര്‍മാന്‍ ദിഗ്വിജയ സിംഗ്, ഇവര്‍ യാത്രയില്‍ ഉടനീളം പങ്കെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ 7-ന് വൈകുന്നേരം തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനായി ഇടവേള എടുക്കുമെങ്കിലും യാത്രയില്‍ രാഹുല്‍ ബാക്കി സമയങ്ങളിലെല്ലാം യാത്രയോടൊപ്പമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.