എൽഡിഎഫിനെ രാഷ്ട്രീയമായി നേരിടാൻ ഒന്നുമില്ലാത്തവരാണ് നുണപ്രചാരണങ്ങളുമായി രംഗത്തിറങ്ങുന്നത്: മുഖ്യമന്ത്രി

single-img
18 February 2026

തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും അവർ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാട്ടിലുണ്ടായ വികസനവും മാറ്റങ്ങളും നേരിട്ട് കാണുന്നവരാണ് ജനങ്ങൾ. ആ മാറ്റങ്ങളിൽ അവർ സംതൃപ്തരാണെന്നും അതുകൊണ്ടുതന്നെ എൽഡിഎഫിന് ജനപിന്തുണ വർദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എൽഡിഎഫിനെ രാഷ്ട്രീയമായി നേരിടാൻ ഒന്നുമില്ലാത്തവരാണ് നുണപ്രചാരണങ്ങളുമായി രംഗത്തിറങ്ങുന്നത്. വസ്തുതകൾ പറഞ്ഞ് സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. നുണകൾ പ്രചരിപ്പിച്ചാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും എന്നാണ് ചിലർ കരുതുന്നത്.

SIR കേരള സർക്കാർ ചെയ്യുന്നതെന്നാണ് ഒരു കൂട്ടർ പ്രചരിപ്പിച്ചത്. വീടുകൾ തോറും കയറിയിറങ്ങി സർക്കാരിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ കൂട്ടർ ചെയ്യുന്നത്. നുണപ്രചാരണത്തിന്റെ കാര്യത്തിൽ ഇക്കൂട്ടർ ‘ഗീബൽസിനെ’ പോലും കവച്ചു വയ്ക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇത്തരം വ്യാജവാർത്തകളെയും കുപ്രചാരണങ്ങളെയും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.