കങ്കണയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്ബിജെപിയിലെ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും: ജെപി നദ്ദ

single-img
30 October 2022

2024ൽ നടക്കാനിരിക്കുന്ന രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ബോളിവുഡ് നടി കങ്കണാ റണാവത്ത് രംഗത്തുവന്നിരുന്നു. അടുത്ത കാലത്തായി രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ. ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് ആ​ഗ്രഹം തുറന്നുപറഞ്ഞത്.

തെരഞ്ഞെടുപ്പിൽ തനിക്ക് ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആ​ഗ്രഹം. ജനം ആ​ഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നൽകുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ പറയുകയുണ്ടായി. വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത് എത്തി.

കങ്കണ സംസാരിച്ച അജ്തക് ചാനലിന്‍റെ തന്നെ ഒരു പരിപാടിയിലാണ് ബിജെപി ദേശീയ അധ്യക്ഷനും പ്രതികരിച്ചത്. അവതാരകന്റെ ഒരു ചോദ്യത്തിന് മറുപടിയായി ബോളിവുഡ് നടിയായ കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും ജെപി നദ്ദ പ്രതികരിച്ചു.