കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശം; മ്യൂസിയം പൊലീസില്‍ പരാതി

single-img
28 March 2023

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സിപിഎം വിരുദ്ധ പ്രസ്താവനയിൽ വന്ന സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്.

സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം.

തൃശ്ശൂരില്‍ സംഘടിപ്പിക്കപ്പെട്ട ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുരേന്ദ്രന്‍റെ വാക്കുകള്‍.