കെ സുധാകരന്റേത് മുഴുവന്‍ വാക്യമാണെങ്കില്‍ തമിഴ് ഭാഷയില്‍ പറയുന്ന പ്രയോഗമാണ്: കെ മുരളീധരൻ

single-img
26 February 2024

യുഡിഎഫ് മുന്നണിയിൽ മുസ്ലിം ലീഗിനായി ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇപി ജയരാജന്‍ കണ്ണീരൊഴുക്കേണ്ടെന്ന് കെ മുരളീധരന്‍. ആര്‍ജെഡിയുമായുള്ള സീറ്റു പ്രശ്‌നം എല്‍ഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണ് എന്നും മുരളീധരൻ അറിയിച്ചു.

നേരത്തെ 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. പത്രസമ്മേളനത്തിൽ കെ സുധാകരന്റേത് മുഴുവന്‍ വാക്യമാണെങ്കില്‍ തമിഴ് ഭാഷയില്‍ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കില്‍ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

അതേസമയം കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്‌നി യാത്ര പത്തനംതിട്ട ജില്ലാ പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് കടക്കാനിരിക്കെ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന സംയുക്ത വാര്‍ത്ത സമ്മേളനം ഒഴിവാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനമാണ് റദ്ദാക്കിയത്.