കെ ഫോൺ: ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ്

single-img
2 November 2022

കെ ഫോൺ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതിനു വേണ്ടി ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായും മന്ത്രി അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന, ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളെ തെരഞ്ഞെടുക്കുക.

മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്കൂൾ വിദ്യാർഥികൾ ഉള്ളതുമായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും തെരഞ്ഞെടുപ്പിൽ ഏറ്റവും ആദ്യം പരിഗണന നൽകും. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്കൂൾ വിദ്യാർഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർഥികളുള്ള പട്ടികവർഗ- പട്ടികജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്കൂൾ വിദ്യാർഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങൾക്കും ശേഷം പരിഗണന നൽകും.

ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്കൂൾ വിദ്യാർഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും. മുൻഗണനാക്രമത്തിൽ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം. ഒരു വാർഡിലെ ഗുണഭോക്തൃ പട്ടികയിൽ ഇങ്ങനെ നൂറിലധികം പേർ ആകാമെന്നും മന്ത്രി വ്യക്തമാക്കി. പരാതിരഹിതമായും വേഗത്തിലും തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു