സാങ്കേതിക വിദ്യയിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നു; സഞ്ചാര്‍ സാഥി’ ആപ്പിനെതിരെ ജോണ്‍ ബ്രിട്ടാസ്

single-img
2 December 2025

സഞ്ചാർ സാഥി ആപ്പിലൂടെ ഇന്ത്യയെ ഒരു നിരീക്ഷണ രാഷ്ട്രമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. സാങ്കേതിക വിദ്യയെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കാനാണ് ശ്രമമെന്നും എല്ലാ പൗരന്മാരെയും കേന്ദ്രത്തിന്റെ നിരീക്ഷണ വലയത്തിലാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാർക്കും ഈ ആപ്പ് നിർബന്ധമാക്കുവാനുള്ള നീക്കം സ്വകാര്യതയ്‌ക്കും സ്വാതന്ത്ര്യത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം തീർക്കാൻ ശ്രമിക്കുന്ന പദ്ധതി തന്നെയാണ് സഞ്ചാർ സാഥി എന്ന് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. സ്വകാര്യതയും ജനാധിപത്യമൂല്യങ്ങളും വഴുതിമാറുന്ന തരത്തിലുള്ള ഈ ഇടപെടൽ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം പാർലമെന്റിൽ ഉയർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഇത്തരത്തിൽ ഇടപെടുന്ന സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ലെന്നും 120 കോടി മൊബൈൽ ഫോണുകൾ ഈ ആപ്പിന്റെ കീഴിലാക്കാൻ ശ്രമിക്കുന്നത് അത്യന്തം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് ചാരപരിശോധനയിൽ പോലും കേന്ദ്രം സഹകരിച്ചിട്ടില്ല; രഹസ്യ കാര്യങ്ങളിൽ മറുപടി നൽകാനാകില്ലെന്ന വാദമാണ് സർക്കാർ പറഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.