തടവുകാർക്ക് പകൽ ജയിലിന് പുറത്ത് ജോലി ചെയ്യാം; പുതിയ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ

single-img
30 August 2026

തടവുകാരുടെ പുനരധിവാസവും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ അനുമതി നൽകും. ജോലി പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ഇവർ നിർബന്ധമായും ജയിലിലേക്ക് മടങ്ങിയെത്തണം.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ ജയിലിന് പുറത്തുപോകുന്ന തടവുകാർക്ക് പരമാവധി 12 മണിക്കൂർ വരെ ജോലി ചെയ്യാൻ അവസരമുണ്ടാകുമെന്ന് ജയിൽ ഐ.ജി സുദർശൻ മണ്ഡൽ അറിയിച്ചു. നഗരപ്രദേശങ്ങളിലാണ് ഈ ജയിലുകൾ സ്ഥിതി ചെയ്യുന്നതെന്നതിനാൽ തടവുകാർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ കൂടുതൽ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്ല പെരുമാറ്റം പുലർത്തുകയും ജയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്ന തിരഞ്ഞെടുത്ത തടവുകാർക്ക് മാത്രമായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനായി പ്രത്യേക മാർഗ്ഗനിർദേശങ്ങളും പുറത്തിറക്കും.

‘ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025’ പ്രകാരം തയ്യാറാക്കിയ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. തടവുകാരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും മോചനത്തിന് ശേഷം സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള പുനരധിവാസ നടപടിയായാണ് പദ്ധതിയെ സർക്കാർ കാണുന്നത്.