ബാറിൽ നിന്ന് കോഴ വാങ്ങൽ; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
30 August 2026

കോട്ടയത്തെ ഒരു ബാറിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ ഉത്തരവുപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ ബാറിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ കോഴ വാങ്ങുന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.


