‘ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു’; പയ്യന്നൂരിലെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ നീക്കങ്ങളെന്ന് പിണറായി

single-img
29 August 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ സിപിഎമ്മിന്റെ തോൽവിക്ക് പ്രധാന കാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പിണറായി വിജയൻ. പാർട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ സിപിഎമ്മിനും എൽഡിഎഫിനുമെതിരെ വികാരം സൃഷ്ടിക്കാൻ നേതൃനിരയിൽ നിന്നുതന്നെ ചിലർ പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. മാത്തിലിൽ സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി നേതൃത്വത്തിലിരുന്ന ചിലർ പാർട്ടിക്കെതിരെ നിൽക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്തുവെന്ന് പിണറായി പറഞ്ഞു. ഇതോടെ പ്രവർത്തകർക്കും ജനങ്ങൾക്കുമിടയിൽ ആശയക്കുഴപ്പം രൂപപ്പെടുകയും സത്യവും വസ്തുതകളും മങ്ങിപ്പോകുകയും ചെയ്തതാണ് തോൽവിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിൽ നിന്നുള്ളവരാണ് തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നതിനാൽ ജനങ്ങൾ ആരോപണങ്ങൾ വിശ്വസിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടി ഒരിക്കലും ജനങ്ങളെ വഞ്ചിക്കാറില്ലെന്നും പാർട്ടിയുടെ നിലപാടിൽ കാപട്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കെതിരെ അവമതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേതൃതലത്തിൽ നിന്നുണ്ടായ നീക്കങ്ങൾ പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് വലിയ പോറലേൽപ്പിച്ചെന്നും പയ്യന്നൂരിലെ തോൽവിയെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു. എൽഡിഎഫിനുണ്ടായ വോട്ട് ചോർച്ചയും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റിദ്ധാരണയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് അകന്നവർ പുനർചിന്തനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. പയ്യന്നൂരിൽ പാർട്ടി ശത്രുക്കൾ നേടിയ വിജയം താൽക്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി. കുഞ്ഞികൃഷ്ണനെ പരാമർശിച്ച്, അദ്ദേഹം ‘ശത്രുവിന്റെ കൈയിലെ കോടാലി’യായി പ്രവർത്തിച്ചുവെന്നും പിണറായി ആരോപിച്ചു. അത്തരത്തിൽ ശത്രുപക്ഷത്തിന്റെ ഉപകരണമായി മാറിയവർക്ക് പിന്നീട് പാർട്ടിക്ക് വലിയ പോറലേൽപ്പിക്കാൻ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.