സംസ്ഥാനത്തെ ക്രമസമാധാന പാലനം തകർന്നിട്ട് ഏഴുവർഷങ്ങൾ പിന്നിടുന്നു: കെ സുധാകരൻ

single-img
29 October 2023

വളരെ ഗൗരവകരമായ സ്ഥിതിവിശേഷമാണ് കേരളത്തിൽ ഇപ്പോൾ നിലവിലുള്ളതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ അടിക്കടി വർദ്ധിപ്പിക്കുന്ന പിണറായി വിജയൻ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്.

കേരളത്തിലെ ക്രമസമാധാന പാലനം തകർന്നിട്ട് ഏഴുവർഷങ്ങൾ പിന്നിടുന്നു. ഇപ്പോൾ ബോംബ് സ്‌ഫോടനങ്ങൾ കൂടി നടന്നതോടുകൂടി കേരളം ലോകത്തിനു മുമ്പിൽ തലകുനിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ഈ ഗുരുതര വീഴ്ചയിലും ആഭ്യന്തരമന്ത്രി പദവിയിലിരിക്കുന്ന പിണറായി വിജയനെ ന്യായീകരിച്ച് വെളുപ്പിച്ചെടുക്കാൻ സിപിഎമ്മിന് വേണ്ടി വ്യാജ നിർമിതികൾ ഉണ്ടാക്കുന്ന മാധ്യമ സിംഹങ്ങളും സാംസ്‌കാരിക- സാഹിത്യ ലോകത്തെ ന്യായീകരണ തിലകങ്ങളും ഉടനടി പുറത്തിറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിനോട് അൽപം എങ്കിലും കൂറുള്ളവർ സിപിഎമ്മിൽ ഉണ്ടെങ്കിൽ ഉടൻതന്നെ പിണറായി വിജയനെ ആഭ്യന്തര മന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്യണം. കൊല്ലപ്പെട്ടയാളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുക്കണം. ഏറ്റവും ശക്തമായ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികൾ സ്വീകരിക്കണം.

ഇപ്പോൾ നടന്ന ഈ സ്‌ഫോടനം നടത്തിയവർ മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽത്തല്ലി ഒടുങ്ങണമെന്ന് സ്വപ്നം കാണുന്നവരാണ്. അവരുടെ സ്വപ്നം പൂർത്തീകരിക്കുന്ന പ്രചാരണങ്ങൾക്ക് ആക്കം കൂട്ടരുതെന്ന് പൊതുജനത്തിനോട് സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും സമൂഹത്തെ ബാധിച്ചിരിക്കുന്ന ഇത്തരം ക്യാൻസറുകളെ ജാതിമതഭേദമില്ലാതെ ഒരുമിച്ച് നിന്ന് നമുക്ക് ചെറുത്ത് തോൽപ്പിക്കാമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.