കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ കിം ജു എ?; ഉത്തരകൊറിയയില്‍ ചര്‍ച്ചകള്‍ ശക്തം

single-img
12 February 2026

ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജു എ അടുത്ത ഭരണാധികാരിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) പുറത്തുവിട്ട വിവരങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

നിലവില്‍ ഏകദേശം 13 വയസുള്ളതായി കരുതുന്ന കിം ജു എ, സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. ജു എയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. ഔദ്യോഗിക പരിപാടികളില്‍ അവര്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുന്നത് ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പിന്‍ഗാമിത്വവുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ നടത്തിയതെന്ന് എന്‍ഐഎസ് വ്യക്തമാക്കി.

ഈ മാസം അവസാനം നടക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയെക്കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനം ഉണ്ടാകാമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണ് പാര്‍ട്ടി കോണ്‍ഗ്രസ്.

കിം ജോങ് ഉന്നിന്റെയും ഭാര്യ റി സോള്‍ ജുവിന്റെയും മകളാണ് ജു എ. ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ടാകാമെന്നാണ് എന്‍ഐഎസ് കരുതുന്നത്, എന്നാല്‍ അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.

2022-ലാണ് ജു എയെ ലോകം ആദ്യമായി ശ്രദ്ധിച്ചത്. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വേളയില്‍ പിതാവിന്റെ കൈപിടിച്ച് നടക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് നിരവധി പൊതുപരിപാടികളില്‍ പിതാവിനൊപ്പം ജു എ പ്രത്യക്ഷപ്പെട്ടു. ചൈന സന്ദര്‍ശന വേളയില്‍ ബീജിംഗ് റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കവചിത ട്രെയിനില്‍നിന്ന് പിതാവിനൊപ്പം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.