ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: പണത്തട്ടിപ്പ് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

single-img
14 July 2026

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ശബ്ദരേഖ പുറത്തുവന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ റോഡ് ഷോയും പ്രചാരണ സാമഗ്രികളുടെ നിർമ്മാണവും മറയാക്കി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന സൂചന നൽകുന്ന ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി അംഗവും ഒരു ജില്ലാ നേതാവും തമ്മിൽ നടന്നതെന്നാണ് പറയപ്പെടുന്ന സംഭാഷണത്തിൽ പ്രചാരണ ബോർഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കമ്മീഷൻ പങ്കിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഡൈ കട്ട് ബോർഡുകളും സ്ക്വയർ ബോർഡുകളും അച്ചടിക്കുന്നതിനുള്ള ബില്ലുകൾ കൃത്രിമമായി ക്രമീകരിക്കുന്നതും അധിക ഇൻവോയിസുകൾ ഉപയോഗിക്കുന്നതും സംബന്ധിച്ച പരാമർശങ്ങൾ ശബ്ദരേഖയിൽ ഉണ്ടെന്നാണ് പുറത്തുവന്ന വിവരം.

ഇതിനൊപ്പം വാഹന വാടക ബില്ലുകളിലും വ്യാപക ക്രമക്കേടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒരു ദിവസം 24 മണിക്കൂറിലധികം വാഹനം ഉപയോഗിച്ചതായി കാണിച്ച് വ്യാജ ബില്ലുകൾ തയ്യാറാക്കി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ ഒരു ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനത്തിന്റെ യാത്രാ ബില്ലുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പുറത്തുവന്ന ആരോപണങ്ങളെയും ശബ്ദരേഖയെയും കുറിച്ച് പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.