ഐപിഎൽ: സഞ്ജു ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്ന സീസണായി 2024

single-img
13 May 2024

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണ് ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പരാജയം വഴങ്ങിയെങ്കിലും മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്ന സീസണായി 2024 മാറി. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ ഇറങ്ങുമ്പോള്‍ ഈ സീസണില്‍ സഞ്ജുവിന് 471 റണ്‍സായിരുന്നു ഉണ്ടായിരുന്നത്.

ഈ മത്സരത്തില്‍ 19 പന്തില്‍ 15 റണ്‍സെടുത്തതോടെ സീസണിലെ റണ്‍ സമ്പാദ്യം 486ലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. ഇതോടെ 2021 സീസണില്‍ എടുത്ത 486 റണ്‍സെന്ന സ്വന്തം റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്. നേരത്തെ 2021ല്‍ 14 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു 484 റണ്‍സെടുത്തത്.

പക്ഷെ 2024ല്‍ 12-ാമത്തെ മത്സരത്തിലാണ് സഞ്ജു 486 റണ്‍സിലെത്തിയത്. ഇനിയും രണ്ട് ലീഗ് മത്സരങ്ങള്‍ കൂടി രാജസ്ഥാന്‍ നായകനെ കാത്തിരിക്കുന്നതിനാല്‍ സീസണില്‍ സഞ്ജുവിന്റെ റണ്‍ സമ്പാദ്യം 500 കടക്കുമെന്നാണ് കരുതപ്പെടുന്നത് .