കലാപകാരികള്‍ മണിപ്പൂരിൽ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു; മുന്നറിയിപ്പുമായി പോലീസ്

single-img
12 July 2023

സംഘർഷം തുടരുന്ന മണിപ്പൂരില്‍ കലാപകാരികള്‍ കമാന്‍ഡോ വേഷത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കമാന്‍ഡോ യൂണിഫോമിട്ട് അക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് അക്രമകാരികൾ പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

പൊലീസ്/ കമാന്‍ഡോകൾ ധരിക്കുന്ന കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികള്‍ നീങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

എല്ലാവരുടെയും തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും സൈനിക വാഹനങ്ങള്‍ ഉൾപ്പെടെ ഇക്കാര്യത്തിൽ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാന വ്യാപകമായി തുടരുന്ന കലാപത്തില്‍ 130 ൽ അധികംപേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍.