ഇൻഡോർ: ക്ഷേത്രം തകർന്നുമരണപ്പെട്ട 8 പേരുടെ അവയവങ്ങൾ കുടുംബാംഗങ്ങൾ ദാനം ചെയ്തു

single-img
31 March 2023

ഇൻഡോർ ക്ഷേത്രത്തിലെ മേൽക്കൂര തകർന്ന് മരിച്ച 36 പേരിൽ എട്ട് പേരുടെ കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്തു. രാമനവമിയോടനുബന്ധിച്ച് ബെലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിൽ നടന്ന ഹവനത്തിനിടെ പടിക്കിണറിന്റെ മേൽക്കൂര തകർന്നതിനെ തുടർന്ന് നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചർമ്മവും കണ്ണും ദാനം ചെയ്യാൻ കുടുംബങ്ങൾ സമ്മതിച്ചതായി സന്നദ്ധ സംഘടനയായ മുസ്‌കാൻ ഗ്രൂപ്പ് അറിയിക്കുകയായിരുന്നു

“ബന്ധുക്കളെ അനുനയിപ്പിച്ച ശേഷം ഞങ്ങൾ ഡോക്ടർമാരുമായും ബ്യൂറോക്രാറ്റുകളുമായും ഏകോപിപ്പിച്ചു. ദുഃഖിതരായ കുടുംബങ്ങൾ തങ്ങളുടെ മരണപ്പെട്ട ബന്ധുക്കളെ മറ്റുള്ളവരിൽ കാണുന്നതിന് അവയവദാനത്തിന് അനുവാദം നൽകി,” സംഘടനയുടെ സന്ദീപൻ ആര്യ പറഞ്ഞു.

“ഇതുവരെ, ഇന്ദ്രകുമാർ, ഭൂമിക ഖഞ്ചന്ദാനി, ജയന്തി ബായി, ദക്ഷ് പട്ടേൽ, ലക്ഷ്മി പട്ടേൽ, ഭാരതി കുക്രേജ, ഇന്ദർ ചന്ദ്കി, കനക് പട്ടേൽ എന്നിവരുടെ കുടുംബാംഗങ്ങൾ രേഖാമൂലം സമ്മതം നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഇവരുടെ കണ്ണുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ മൈ ഹോസ്പിറ്റലിനും ശങ്കര നേത്ര ബാങ്കിനും ദാനം ചെയ്തിട്ടുണ്ട്. ചോയിത്രം ആശുപത്രി അധികൃതർ ദാനം ചെയ്ത ചർമ്മം സ്വീകരിച്ചു, ആര്യ പറഞ്ഞു.

“അവയവദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മുസ്‌കാൻ ഗ്രൂപ്പിന്റെ ഒരു അഭ്യർത്ഥന വന്നു. ജില്ലാ ഭരണകൂടം അവരെ സമ്മതവും മറ്റ് പിന്തുണയും നേടാൻ സഹായിച്ചു.” – ഇൻഡോറിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അജയ്‌ദേവ് ശർമ്മ പിടിഐയോട് പറഞ്ഞു.

അതേസമയം, ദുരന്തം നടന്ന ഇൻഡോറിലെ പട്ടേൽ നഗറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏകദേശം 20 അടി x 20 അടി വലിപ്പമുള്ള ചതുരാകൃതിയിലുള്ള പടിക്കിണർ ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ്.