ഇന്ത്യയിലെ ആദ്യ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബംഗളുരുവിൽ

single-img
18 August 2023

ബംഗളുരുവില്‍ ഇന്ത്യയിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെപ്പറ്റി പ്രശംസിച്ച അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളെപ്പറ്റി വാചാലനായി.

”ബംഗളുരുവില്‍ വരിക എന്നത് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ നഗരത്തിന് വളരെയധികം ഊര്‍ജവും പോസിറ്റിവിറ്റിയുമുണ്ട്. മുന്നോട്ടേക്ക് കുതിക്കുന്ന ഒരു സ്വഭാവമാണ് ഈ നഗരത്തിന്. അതുകൊണ്ട് തന്നെ ഇവിടേക്ക് വരുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്”, – അശ്വിനി വൈഷ്ണവ് പറഞ്ഞു.

”ഈ നഗരം എപ്പോഴും ഇന്ത്യയുടെ ഒരു പുതു ചിത്രം അവതരിപ്പിക്കുന്നു. ഇന്നത് ത്രിഡി പ്രിന്റഡ് പോസ്റ്റോഫീസിന്റെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനികമായ ത്രിഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മാണം. എൽ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. മൂന്ന് നില കെട്ടിടം പണിയുന്നതിന് എല്‍ ആന്‍ഡ് ടി ഭവന – നഗരകാര്യ മന്ത്രാലയത്തിലെയും ഐഐടി-മദ്രാസിലെയും ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്‌നോളജി പ്രൊമോഷന്‍ കൗണ്‍സിലില്‍ നിന്ന് സാങ്കേതിക അനുമതി ലഭിച്ചിരുന്നു.

നിര്‍മാണ പ്രക്രിയ വളരെ വേഗത്തിലാക്കി നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് എന്നാണ് ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ കമ്പനി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണം മെയ് 3 ഓടെ പൂര്‍ത്തിയായിരുന്നു. ഡ്രെയിനേജ് സംവിധാനവും ജലവിതരണ സംവിധാനവും സ്ഥാപിക്കുന്നതിനായി രണ്ട് മാസത്തോളമെടുത്തു. 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തിന് 25 ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവായുള്ളൂ. സാധാരണ നിര്‍മാണ ചെലവിന്റെ 25 ശതമാനം മാത്രമാണിത്.

പുതിയ ത്രിഡി പ്രിന്റിംഗ് പോസ്റ്റോഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഹലാസുരു ബസാറിലെ പഴയ പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അവിടെയുള്ള ജീവനക്കാരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിര്‍മാണ ചെലവ് കുറയ്ക്കാം എന്നതാണ് 3D സാങ്കേതിക വിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അതായത്, പരമ്പരാഗത രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രമേ ഈ രീതിയില്‍ വരുന്നുള്ളൂ. ”കുറഞ്ഞ ചെലവില്‍ പോസ്റ്റ് ഓഫീസുകള്‍ നിര്‍മ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഹലസുരു ബസാര്‍ സബ് പോസ്റ്റ് ഓഫീസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കണ്‍സ്ട്രക്ഷനെ സമീപിച്ചത്. ഇന്ത്യയില്‍ 3D പ്രിന്റിംഗ് സൗകര്യമുള്ള നിര്‍മ്മാണ രീതി പിന്തുടരുന്ന ഏക കമ്പനിയാണിത്”, എന്ന് കര്‍ണാടക സര്‍ക്കിളിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്ര കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.