ക്രിമിനൽ ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയതോടെ ഇന്ത്യൻ ശിക്ഷാനിയമം കൂടുതൽ ക്രൂരമാകുന്നു: പി ചിദംബരം
പാർലമെന്റ് പാസാക്കിയ പുതിയ ക്രിമിനൽ ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരം.
അടുത്ത വർഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന സർക്കാർ ഈ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും ഭയാനകമായ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും ചിദംബരം പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഐപിസി, സിആർപിസി, 1872 ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയ്ക്ക് രാഷ്ട്രപതി ഇന്ന് അംഗീകാരം നൽകി.
ക്രിസ്മസ് ദിന ആഘോഷങ്ങൾ അടുത്തിരിക്കെ, മൂന്ന് പുതിയ ക്രിമിനൽ ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയെന്നാണ് വാർത്തകൾ. പുതിയ ഇന്ത്യൻ പീനൽ കോഡ് കൂടുതൽ ക്രൂരമായി മാറിയിരിക്കുന്നു. സമൂഹത്തിലെ ദരിദ്രർക്കും തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും എതിരെയാണ് നിയമം കൂടുതലായി പ്രയോഗിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കാം. ഈ വിഭാഗങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായി നിയമം മാറുന്നു. വിചാരണ നേരിടുന്നവർ ഉൾപ്പെടെ ജയിലിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ദരിദ്രരും തൊഴിലാളികളും അടിച്ചമർത്തപ്പെട്ടവരുമാണ്,’ ചിദംബരം സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ 19, 21 വകുപ്പുകൾ ലംഘിക്കുന്ന വിവിധ വകുപ്പുകൾ പുതിയ ശിക്ഷാ നിയമത്തിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് വ്യക്തിസ്വാതന്ത്ര്യത്തെയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ഹനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം ഭീകരവാദത്തെ നിർവചിക്കുകയും ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളുടെ ഒരു പുതിയ വിഭാഗത്തെ ഉൾപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.